ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ 33-ാം ജന്മദിനത്തിൽ മനോഹരമായ കുറിപ്പുമായി കാമുകിയും നടിയുമായ മഹിക ശർമ. ഹാർദിക്കിന്റെ ഇന്ത്യൻ ടീമിലേക്കുള്ള കഷ്ടപ്പാടുകൾ നിറഞ്ഞ കരിയർ യാത്രയാണ് മഹിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സ്വന്തമായി ഒരു ജോടി ബോളിങ് ഷൂസ് പോലുമില്ലാതെയാണ് ഒരു ബൗളർ എന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ ഹാർദിക് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതെന്ന് മഹിക കുറിപ്പിൽ വ്യക്തമാക്കുന്നു.
പതിനെട്ടാം വയസ്സു വരെ ബറോഡ ടീമിൽ ഹാർദിക് ഒരു ബാറ്റർ മാത്രമായിരുന്നു. എന്നാൽ, ഒരു സീനിയർ കോച്ച് ശ്രദ്ധിച്ചതിനു ശേഷമാണ് താരം ബൗളിങ്ങിലേക്ക് തിരിയുന്നത്. വർഷങ്ങളോളം മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ സ്ഥിരസാന്നിധ്യമാകാാൻ താരത്തിന് സാധിച്ചിരുന്നില്ല. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹാർദികിന് മറ്റ് വിനോദങ്ങൾക്കുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട്, പരിശീലനം കഴിഞ്ഞും ഗ്രൗണ്ടിൽ തന്നെ തുടരാൻ സമയം കണ്ടെത്തി. നെറ്റ്സിൽ പന്തെറിയാൻ എത്തുന്നവർക്ക് പന്തെറിഞ്ഞു കൊടുത്തും താരം തന്റെ ക്രിക്കറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോയി.
തന്റെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ചും മഹിക കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. ഹാർദിക് പന്ത് എറിയുന്നത് ശ്രദ്ധിച്ച ഒരു സീനിയർ കോച്ച് അവന്റെ കഴിവ് തിരിച്ചറിയുകയായിരുന്നു. ആ നാടകീയ സംഭവത്തിനു ശേഷം കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ച ഹാർദിക്, ആ മത്സരത്തിൽ അഞ്ച് വിക്കറ്റും വീഴ്ത്തി. പിന്നീട് ഐപിഎൽ ടീമിന്റെ ഭാഗമായ താരം, വെറും ആറ് മാസങ്ങൾക്കുള്ളിൽ ഇന്ത്യക്കായും അരങ്ങേറ്റം കുറിച്ചു.
ഒരു സ്വപ്‌നത്തിന് പോലും എഴുതാൻ കഴിയാത്ത വിധം കഠിനാധ്വാനത്തിലൂടെയാണ് ഹാർദിക് ഈ നിലയിലെത്തിയതെന്ന് മഹിക പറയുന്നു. ഇന്ന് താൻ ചെയ്യുന്ന കാര്യങ്ങളിൽ മറ്റാരേക്കാളും മികച്ചവനാണ് ഹാർദിക്കെന്നും മഹിക തന്റെ ജന്മദിന കുറിപ്പിൽ കൂട്ടിച്ചേർത്തു.
"സ്വന്തമായി ബോളിങ് ഷൂസ് പോലുമില്ലായിരുന്നു"; ഹാർദിക് പാണ്ഡ്യയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ തുടക്കം വെളിപ്പെടുത്തി കാമുകി മഹിക ശർമ
"സ്വന്തമായി ബോളിങ് ഷൂസ് പോലുമില്ലായിരുന്നു"; ഹാർദിക് പാണ്ഡ്യയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ തുടക്കം വെളിപ്പെടുത്തി കാമുകി മഹിക ശർമ