ഹാളണ്ടിന്റെ ഒറ്റ പോസ്റ്റ്; പിന്നാലെ ഐറ്റം സ്റ്റോക്ക് ഔട്ടെന്ന് സ്ഥാപനം
ഓസ്‌ലോ: 2026 ഫിഫ ലോകകപ്പിൽ നോർവേയുടെ കുതിപ്പ് ക്വാർട്ടർ ഫൈനലിൽ അവസാനിച്ചെങ്കിലും, ടീമിന്റെ സൂപ്പർതാരം എർലിങ് ഹാളണ്ട് ഇപ്പോഴും സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയമാണ്. ഇത്തവണ ഹാളണ്ടിനെ വൈറലാക്കിയത് കളിയിലെ പ്രകടനമല്ല, അമേരിക്കയിൽ നിന്ന് വാങ്ങിയ ഒരു വ്യത്യസ്ത സമ്മാനമാണ്.
ലോകകപ്പിന് ശേഷം നോർവേയിലേക്ക് മടങ്ങിയെത്തിയ ഹാളണ്ടിനെ തിങ്കളാഴ്ച ഓസ്‌ലോയിലെ ഗാർഡർമോയൻ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയവർ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ കൈയിലെ അസാധാരണ വസ്തുവായിരുന്നു. റാക്കൂണിന്റെ ടാക്സിഡെർമി രൂപത്തിൽ നിർമിച്ച, വിസ്കി കുപ്പി പിടിച്ചിരിക്കുന്ന അലങ്കാര വസ്തുവാണ് ഹാളണ്ട് കൈയിൽ കരുതിയിരുന്നത്. ഏകദേശം 750 യുഎസ് ഡോളർ (ഏകദേശം 72,000 രൂപ) വിലവരുന്ന ഈ സ്റ്റഫ്ഡ് റാക്കൂൺ വിസ്കിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
"ഇത് എന്നെ വീടുവരെ പിന്തുടർന്നു" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഹാളണ്ട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ മണിക്കൂറുകൾക്കകം വൈറലായി.ജൂലൈ ആദ്യം ടെക്സസിൽ താമസിക്കുന്നതിനിടെ ടൂർണമെന്റിലെ ഇടവേളയിൽ ഹാളണ്ട് ഡാലസിലെ വൈൽഡ് ബില്ലിന്റെ വെസ്റ്റേൺ സ്റ്റോർ സന്ദർശിച്ചിരുന്നു. അവിടെ നിന്ന് കറുത്ത കൗബോയ് തൊപ്പി, തുകൽ ബൂട്ട്, ടി-ഷർട്ട് എന്നിവയ്ക്കൊപ്പം ഈ പ്രത്യേക 'വിസ്കി റാക്കൂൺ' സ്റ്റഫ്ഡ് ടാക്സിഡെർമി വസ്തുവും അദ്ദേഹം വാങ്ങുകയായിരുന്നു.
ഹാളണ്ട് ചിത്രം പങ്കുവെച്ചതിന് പിന്നാലെ സ്റ്റോറിന്റെ ഓൺലൈൻ സ്റ്റോക്കിലുണ്ടായിരുന്ന എല്ലാ 'വിസ്കി റാക്കൂൺ' മോഡലുകളും മണിക്കൂറുകൾക്കകം വിറ്റുതീർന്നതായി സ്ഥാപനവും അറിയിച്ചു."ഹാളണ്ട് ഇഫക്റ്റിന് നന്ദി. 750 ഡോളർ വിലയുള്ള ടാക്സിഡെർമി ആനിമൽ ഓൺലൈനിൽ അതിവേഗം വിറ്റുപോയി. ലോകമെമ്പാടുനിന്നും ഓർഡറുകൾ ലഭിക്കുന്നതിനാൽ രാജ്യാന്തര ഷിപ്പിങ് വേഗത്തിലാക്കിയിരിക്കുകയാണ്," എന്ന് സ്ഥാപനം എക്‌സിലൂടെ പ്രതികരിച്ചു.
അതേസമയം, 2026 ഫിഫ ലോകകപ്പിൽ നോർവേ ചരിത്രത്തിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചത്. റൗണ്ട് ഓഫ് 16-ൽ ബ്രസീലിനെ അട്ടിമറിച്ച് ആദ്യമായി ക്വാർട്ടർ ഫൈനലിലെത്തിയ നോർവേ, അവിടെ ഇംഗ്ലണ്ടിനോട് 2-1ന് പരാജയപ്പെട്ട് പുറത്തായി. ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടി എർലിങ് ഹാളണ്ട് ടീമിന്റെ ടോപ് സ്കോററായും ശ്രദ്ധേയനായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.