ഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല് ശക്തമാക്കാന് 'ഇന്ത്യ' സഖ്യം നേതാക്കളുടെ യോഗത്തില് തീരുമാനം. രാഹുല് ഗാന്ധിയുടെ വസതിയില് ചേര്ന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന് തീരുമാനിച്ചത്.
എത്ര ബാരിക്കേഡുകള് തീര്ത്ത് സമരങ്ങള് അടിച്ചമര്ത്താന് നോക്കിയാലും ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്ന് യോഗത്തിന് ശേഷം നേതാക്കള് സംയുക്തമായി പ്രഖ്യാപിച്ചു. ജന്തര് മന്ദറിനെ സമരവേദികളുടെ പട്ടികയില് നിന്ന് ഒഴിവാക്കിയ കേന്ദ്ര സര്ക്കാര് നടപടിയെ നേതാക്കള് രൂക്ഷമായി വിമര്ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങളെയും ഹൈജാക്ക് ചെയ്തവര്ക്കെതിരായ ജനവികാരമാണ് ഡല്ഹിയില് കണ്ടതെന്ന് തേജസ്വി യാദവും സഞ്ജയ് റാവത്തും ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന അടുത്തഘട്ട സമരപരിപാടികള് ഉടന് പ്രഖ്യാപിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ അറിയിച്ചു.
മുന്നണി യോഗത്തില് സി.പി.എം ജനറല് സെക്രട്ടറി എം.എ. ബേബി, സി.പി.ഐ നേതാവ് ഡി. രാജ, എന്.സി.പി നേതാവ് സുപ്രിയ സുലെ, തൃണമൂല് കോണ്ഗ്രസ് എം.പി സാഗരിക ഘോഷ്, ഐസ (AISA) പ്രതിനിധി നേഹ ബോറ തുടങ്ങിയവര് പങ്കെടുത്തു. വോട്ടര് പട്ടികയിലെ ക്രമക്കേടുകള്ക്കും എസ്.ഐ.ആര് നടപടികള്ക്കുമെതിരെയുള്ള പോരാട്ടത്തില് കര്ഷക സംഘടനകളും തൊഴിലാളി യൂണിയനുകളും വിദ്യാര്ത്ഥികളും അണിനിരക്കും. സുപ്രീം കോടതിയിലും ചീഫ് ജസ്റ്റിസിലും പൂര്ണ്ണ വിശ്വാസമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിലൂടെയും ശക്തമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും മുന്നോട്ട് പോകുമെന്നും നേതാക്കള് വ്യക്തമാക്കി.
'ഒരൊറ്റ ലക്ഷ്യം, രാജിയില്ലാതെ പിന്നോട്ടില്ല': രാഹുല് ഗാന്ധി
ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ പ്രക്ഷോഭത്തില് നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് രാഹുല് ഗാന്ധി പ്രഖ്യാപിച്ചു. ഡല്ഹിയില് നടക്കുന്നത് സമാന്തര പ്രക്ഷോഭങ്ങളല്ലെന്നും ജനാധിപത്യ പുനഃസ്ഥാപനം എന്ന ഒരൊറ്റ ലക്ഷ്യത്തിനായുള്ള പ്രതിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എത്ര അടിച്ചൊതുക്കിയാലും സമരം ചെയ്യാനുള്ള അവകാശം നിഷേധിച്ചാലും മുന്നോട്ടുതന്നെ പോകും. മിന്നല് സമരങ്ങള് ആവര്ത്തിക്കും. ഇന്ത്യന് ഭരണഘടന തകര്ത്ത് രക്ഷപ്പെടാമെന്ന് ഗ്യാനേഷ് കുമാറും കൂട്ടരും കരുതേണ്ട. ഇത് ജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്, ലക്ഷ്യം നേടും വരെ ഈ ടീം പോരാട്ടം തുടരും,' രാഹുല് ഗാന്ധി വ്യക്തമാക്കി. സുപ്രീം കോടതിയോടും ചീഫ് ജസ്റ്റിസിനോടും വലിയ ബഹുമാനമാണുള്ളതെന്നും നീതിപൂര്വ്വമായ കടമകള് കോടതി നിര്വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.