തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേരളത്തിലെ കെ.എസ്.ടി.പി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളിലും പ്രോജക്ട് മാനേജറുടെ ആത്മഹത്യയിലുമാണ് വിജിലന്‍സ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി, ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കരാറുകാരന്‍ സാജന്റെ മൊഴി ചൊവ്വാഴ്ച വിജിലന്‍സ് സംഘം രേഖപ്പെടുത്തും.
ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യമായ 'പതി-ബെല്‍' കമ്പനി കെ.എസ്.ടി.പി കരാര്‍ ഏറ്റെടുത്ത സമയത്തായിരുന്നു ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്ത പ്രവൃത്തികളുടെ ബില്ലുകള്‍ മാറിനല്‍കാത്തതിനെ തുടര്‍ന്ന് പതി-ബെല്‍ പ്രോജക്ട് മാനേജരായ ലീ സി ബിന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് ഉയര്‍ന്ന ആരോപണം. ബില്ലുകള്‍ അനുവദിക്കുന്നതിനായി ഗ്യാനേഷ് കുമാര്‍ ലീയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി പതി-ബെല്ലിന്റെ ഉപകരാറുകാരനായ സാജന്‍ അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് ബില്ലുകള്‍ തടഞ്ഞുവെച്ചതെന്നും ലീയുടെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാറാണെന്നും സാജന്‍ ആരോപിച്ചിരുന്നു. മുന്‍പ് നടന്ന വിജിലന്‍സ് അന്വേഷണം ആരോപണവിധേയനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സിന്റെ തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം: പരാതിക്കാരന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും