കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനലാണ് ഗ്യാനേഷ് കുമാറെന്നും, നരേന്ദ്ര മോദിയും അമിത് ഷായും മറ്റ് രണ്ട് ക്രിമിനല്‍ മനസ്സുള്ളവരാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ഏത് വൃത്തികേടും ചെയ്യുന്ന ഒരു ദാസനായി ഗ്യാനേഷ് കുമാര്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്താനെയും ചൈനയെയും നേരിടുന്നതിനേക്കാള്‍ കൂടുതല്‍ സന്നാഹങ്ങളോടെയാണ് ജനങ്ങളുടെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ നേരിടുന്നതെന്ന് കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. സ്വന്തം രാജ്യത്തെ പൗരന്മാരോടും സമൂഹത്തോടുമാണ് ഇവര്‍ യുദ്ധം ചെയ്യുന്നത്. സമരങ്ങളെ ഒരു ശത്രുരാജ്യത്തെ നേരിടുന്നതുപോലെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാമെന്ന് ഗ്യാനേഷ് കുമാര്‍ കരുതേണ്ടതില്ലെന്നും, പുറത്താക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭീരുക്കളായ ഭരണാധികാരികളുടെ 56 ഇഞ്ച് നെഞ്ച് ഇപ്പോള്‍ 4 ഇഞ്ച് ആയി ചുരുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രത്തില്‍ ഫാസിസ്റ്റ് സര്‍ക്കാരാണ് എന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മുന്‍പ് ഈ സര്‍ക്കാരിനെ 'അര്‍ദ്ധ ഫാസിസ്റ്റ്' എന്ന് വിശേഷിപ്പിച്ചവര്‍ക്ക് പോലും ഇപ്പോള്‍ സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഫാസിസ്റ്റ് മുഖം മനസ്സിലായിട്ടുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാനേഷ് കുമാര്‍ രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനല്‍; പുറത്താക്കുന്നത് വരെ സമരം തുടരും: കെസി വേണുഗോപാൽ