ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടുമൊരു വിവാഹ റെക്കോര്‍ഡ്. ചിങ്ങ മാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് 420 വിവാഹങ്ങളാണ് ഗുരുപവനപുരിയില്‍ നടന്നത്. ഗുരുവായൂരപ്പന്റെ മുന്നില്‍ 420 നവദമ്പതിമാരാണ് താലിചാര്‍ത്തി വിവാഹിതരായത്. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് നടന്ന 416 വിവാഹങ്ങള്‍ എന്ന തൊട്ടുമുമ്പത്തെ റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്. മുന്‍പത്തെക്കാള്‍ കൂടുതല്‍ വിവാഹങ്ങള്‍ നടന്നിട്ടും ഭക്തജനങ്ങള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടാതെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമായി.
പുലര്‍ച്ചെ 4:10-ന് ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് തുടക്കമായത്. രാവിലെ 10:30 ഓടെ: 360 വിവാഹങ്ങള്‍ പൂര്‍ത്തിയായി. ഉച്ചപൂജയ്ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന 416 എന്ന റെക്കോര്‍ഡ് മറിടന്ന് 420-ല്‍ എത്തി. ക്ഷേത്രനഗരിയിലും പരിസരത്തുമായി 120 പോലീസുകാരെയാണ് തിരക്ക് നിയന്ത്രിക്കാന്‍ വിന്യസിച്ചിരുന്നത്. മോഷണങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി മഫ്തി പോലീസിനെയും രംഗത്തിറക്കിയിരുന്നു. ഇത്രയധികം വിവാഹങ്ങള്‍ നടന്നിട്ടും ക്ഷേത്ര നഗരത്തില്‍ യാതൊരുവിധ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടില്ല. ക്ഷേത്രത്തില്‍ സാധാരണയായി അനുഭവപ്പെടാറുള്ള ദര്‍ശനം, ചോറൂണ്, പ്രസാദ ഊട്ട് എന്നിവയ്ക്കുള്ള ഭക്തരുടെ തിരക്ക് താരതമ്യേന കുറവായിരുന്നു. വന്‍ വിവാഹത്തിരക്ക് പ്രതീക്ഷിച്ചതിനാല്‍ മറ്റ് ഭക്തര്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തി ദര്‍ശന സമയം ക്രമീകരിച്ചതാണ് തടസ്സങ്ങളില്ലാതെ വിവാഹങ്ങള്‍ നടക്കാന്‍ സഹായകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗുരുവായൂരില്‍ വീണ്ടും റെക്കോര്‍ഡ് കല്യാണം; ചരിത്രത്തിലെ ഏറ്റവും വലിയ തിരക്ക്