ആലപ്പുഴ: മുന്‍ എം.എല്‍.എ എച്ച്. സലാമിന്റെ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജി. സുധാകരന്‍ എംഎല്‍എ. സലാമിന്റെയും എച്ച്. ചിത്തരഞ്ജന്റെയും ഭാര്യമാര്‍ക്ക് താനാണ് ജോലി വാങ്ങി നല്‍കിയതെന്ന് സുധാകരന്‍ പരസ്യമായി പറഞ്ഞു. അമ്പലപ്പുഴ ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ സുധാകരന്‍ പൂര്‍ണ്ണമായും തള്ളി. സ്വന്തം വീട്ടില്‍ ജോലിക്ക് നിന്നിരുന്ന കിടപ്പാടമില്ലാത്ത സ്ത്രീക്കായി താന്‍ നാല് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി നല്‍കുകയും, തന്റെ ഭാര്യ ആ വീട് പണിതു നല്‍കുകയുമായിരുന്നു. 32 വര്‍ഷത്തോളം മാസം ഒന്നേകാല്‍ ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ കോളേജ് പ്രൊഫസറായി ജോലി ചെയ്ത ആളാണ് തന്റെ ഭാര്യയെന്നും, മകന്‍ ഗള്‍ഫ് രാജ്യങ്ങളിലെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പശ്ചാത്തലം വ്യക്തമായി അറിയാവുന്ന ആളുകളാണ് ഇത്തരം അപവാദങ്ങള്‍ ഉന്നയിക്കുന്നത്.
പൊതുജീവിതത്തില്‍ ഇതുവരെ ആരോടെങ്കിലും ഒരു നയാപൈസ വാങ്ങിച്ചതായി ഒരൊറ്റ പരാതി പോലും ഇല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴയിലായാലും ആലപ്പുഴയിലായാലും ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും തനിക്കെതിരാണെന്നും, എന്ത് കാര്യം ചെയ്താലും മനസ്സ് കൊണ്ട് അവര്‍ക്കത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി: വെളിപ്പെടുത്തലുമായി ജി. സുധാകരൻ