രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഒടുവിലായി കൂട്ടിയത്. വെറും 10 ദിവസത്തിനിടയില്‍ രാജ്യത്ത് ഉണ്ടാകുന്ന മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണിത്. പുതിയ നിരക്ക് പ്രകാരം തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ വില 92.49 രൂപയുമായി ഉയരുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു.
ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഫലപ്രഖ്യാപനവും കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കി മൂന്നാമത്തെ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.
മെയ് 15-ന് ലിറ്ററിന് 3 രൂപയും, മെയ് 19-ന് 90 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം ലിറ്ററിന് ഏകദേശം 5 രൂപയുടെ വര്‍ധനവാണ് ഇന്ധനവിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിലും വില കൂടിയേക്കുമെന്നാണ് സൂചന.
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി, പത്ത് ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന