ഗവർണർ രാജേന്ദ്ര അർലേക്കർക്ക് യാത്രയയപ്പ് നൽകി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും. ഗവർണറുമായി സർക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെയും ജനങ്ങളുടെയും നന്ദി അറിയിച്ച അദ്ദേഹം ഗവർണറുടെ പുതിയ ഉദ്യമങ്ങൾക്ക് വിജയാശംസകളും നേർന്നു.
സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ച ഗവർണറാണ് രാജേന്ദ്ര അർലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ വ്യക്തിത്വമാണ് അദ്ദേഹമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹവായ്പ് തിരിച്ചുനൽകുക മാത്രമാണ് താൻ ചെയ്തതെന്ന് മറുപടി പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു.
ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർക്ക് കേരളത്തിന്റെ ആദരം അർപ്പിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ്, എം. ലിജു, എം.എൽ.എമാരായ എം. വിൻസെന്റ്, വി. മുരളീധരൻ, സുധീർഷാ പാലോട്, മേയർ വി.വി. രാജേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ മിൻഹാജ് ആലം, എ.പി.എം. മുഹമ്മദ് ഹനീഷ്, ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി. പി. വിജയൻ, ജി.എ.ഡി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് ഉൾപ്പെടെയുള്ള മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും പ്രോട്ടോക്കോൾ ഉദ്യോഗസ്ഥരും വിരുന്നിൽ പങ്കെടുത്തു.
'സർക്കാരുമായി പുലർത്തിയത് ഊഷ്മള ബന്ധം': ഗവർണർ രാജേന്ദ്ര അർലേക്കർക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ