രാജ്യത്തെ പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആലോചിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ പരീക്ഷാ പരിഷ്‌കരണങ്ങള്‍ക്കായുള്ള ഉന്നതതല സമിതി (High-Powered Task Force on Exam Reforms) പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ചര്‍ച്ച നടത്തി. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, സമിതി സ്ഥിരം ക്ഷണിതാവ് ശങ്കര്‍ മാരുവാഡ, ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി (NRA) സെക്രട്ടറി-കം-പരീക്ഷാ കണ്‍ട്രോളറും കേന്ദ്ര പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ പി. ബാല കിരണ്‍ ഐ.എ.എസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
നിലവിലെ പരീക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം പരീക്ഷകള്‍ കൂടുതല്‍ സുതാര്യമായും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും നടത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. പരീക്ഷാ രീതികള്‍, ചോദ്യപേപ്പറുകളുടെയും പരീക്ഷാ നടത്തിപ്പിന്റെയും സുരക്ഷ, പരീക്ഷാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാരീതി (CBT) നടപ്പാക്കുന്നതും അതിനാവശ്യമായ സ്ഥാപനപരവും സാങ്കേതികവുമായ ക്രമീകരണങ്ങളും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നു. പരീക്ഷാ സംവിധാനത്തെ കൂടുതല്‍ വിശ്വാസ്യതയുള്ളതും സുരക്ഷിതവും സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള വിവിധ പരിഷ്‌കരണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ.എ.എസ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് ഐ.എ.എസ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. അച്യുത്ശങ്കര്‍ എസ്. നായര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ കേല്‍ക്കര്‍ ഐ.എ.എസ്, ഒ.എസ്.ഡി ഉമേഷ് എന്‍.എസ്.കെ. ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍ ഐ.എ.എസ്, പ്രവേശന പരീക്ഷാ കമ്മീഷണറും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുമായ ആസിഫ് കെ. യൂസഫ് ഐ.എ.എസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥ് ഡി., പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ മനോജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പരീക്ഷാ പരിഷ്‌ക്കരണം; ഉന്നതതല സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി