തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവ് എത്രയെന്ന് കണ്ടെത്തുന്നതിനായി കേരളത്തില്‍ നാളെ മുതൽ പരിശോധന. 4 ജില്ലകളിലെ പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുന്നത്. പെട്രോൾ പമ്പുകളിൽ നിന്നും ടാങ്കറുകളിൽ നിന്നും ഉപഭോക്തൃകാര്യ വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് ഇന്ധന സാമ്പിളുകൾ ശേഖരിക്കും. ആവശ്യമെങ്കിൽ ഫോറൻസിക് ലാബുകളിലും പരിശോധന നടത്തും.
തിരുവനന്തപുരം, എറണാകുളം , കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളിൽ നിന്നാണ് ആദ്യ ഘട്ടത്തില്‍ സാമ്പിളുകൾ ശേഖരിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. ഓരോ പരിശോധനയിലും ശേഖരിക്കുന്ന ആറ് സാമ്പിളുകൾ എൻ.എ.ബി.എൽ അംഗീകൃത ലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കും.
മന്ത്രി അനൂപ് ജേക്കബാണ് പരിശോധനയ്ക്ക് നിർദേശം നല്‍കിയത്. കർണാടകയില്‍ നടത്തിയ പരിശോധനയില്‍ 31 ശതമാനത്തിലേറെ എഥനോള്‍ കണ്ടെത്തിയിരുന്നു. 20 ശതമാനമാണ് അനുവദനീയമായ അളവ്. കേരളത്തിലെ പരിശോധനയില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ എഥനോള്‍ കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.