കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ പ്രശസ്തമായ കടവുംഭാഗം ജൂതപ്പള്ളിക്ക് മുന്നില് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില് എറണാകുളം സെന്ട്രല് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തന്കുരിശ് വടയമ്പാടി വാദ്യംപടി സ്വദേശിയായ എബിന് ബി. പോള് (32) ആണ് പിടിയിലായത്. പ്രതിക്ക് അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന് കേന്ദ്ര ഏജന്സികള് ഉള്പ്പെടെയുള്ള അന്വേഷണ സംഘങ്ങള് പരിശോധിച്ച് വരികയാണ്.
തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് കാറിലെത്തിയ എബിന് സിനഗോഗിന് മുന്വശത്തുള്ള നഴ്സറിയുടെ ഫ്ലെക്സ് ബോര്ഡുകളില് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ക്രൈം വിഡിയോയില് പകര്ത്തി അജ്ഞാതനായ വ്യക്തിക്ക് അയച്ചുകൊടുത്തതായി ചോദ്യം ചെയ്യലില് തെളിഞ്ഞു. 'ബോസ്' എന്ന വിദേശ ഹാന്ഡ്ലറുടെ നിര്ദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും ഇതിനായി ക്രിപ്റ്റോകറന്സി വഴി പണം കൈപ്പറ്റിയെന്നും ഇയാള് മൊഴി നല്കിയിട്ടുണ്ട്. ഡല്ഹി, ഉത്തര്പ്രദേശ്, അമൃത്സര് എന്നിവിടങ്ങളില് സ്ഫോടനം നടത്താന് ഹാന്ഡ്ലര് നിര്ദ്ദേശം നല്കിയതിന്റെ തെളിവുകളും ഇയാളുടെ മൊബൈല് ഫോണില് നിന്നും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില് എന്.ഐ.എ, ഐ.ബി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്സികള് പ്രതിയെ വിശദമായി ചോദ്യം ചെയ്തു.
അറസ്റ്റിന് പിന്നാലെ എബിന്റെ വീട്ടില് പുത്തന്കുരിശ് പൊലീസ് നടത്തിയ പരിശോധനയില് കിടപ്പുമുറിയിലെ അലമാരയില് നിന്ന് എട്ടിനങ്ങളിലായി 105 ഗ്രാം വരുന്ന വന് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തു. ഹെറോയിന് (വെള്ള, ബ്രൗണ്), ഫെന്റനൈല്, ഓക്സികോഡോണ്, ആല്പ്രാസോളം, കെറ്റമിന്, കെ-റോക്ക് തുടങ്ങിയ വീര്യമേറിയ രാസലഹരികളാണ് പിടിച്ചെടുത്തത്. ഇതോടെ എന്.ഡി.പി.എസ് നിയമപ്രകാരവും ഇയാള്ക്കെതിരെ കേസെടുത്തു.
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: യുവാവ് പിടിയില്; തീവ്രവാദ ബന്ധമെന്ന് സൂചന