കൊച്ചി: കസ്റ്റഡിയിലെടുത്ത പ്രതി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ അജിത് പോളിനെ ആക്രമിച്ചത്.
പട്രോളിങ്ങിനിടെ പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ഇയാള്‍ അക്രമാസക്തനാകുകയും പോലീസുകാരെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. സ്റ്റേഷനില്‍ പ്രതി നടത്തിയ അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാള്‍ അജിത് പോളിന്റെ കൈത്തണ്ട കടിച്ചുമുറിച്ചത്. മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തി പരിശോധന പൂര്‍ത്തിയാക്കിയത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പ്രതിക്കെതിരെ പുതിയ കേസെടുത്തു.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആക്രമണം: എറണാകുളത്ത് പോലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി