കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത പുറത്തുകൊണ്ടുവരുന്ന നിര്‍ണായക രേഖകള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത്. കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവര്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് അയച്ച പരാതിക്കത്തുകളാണ് പുറത്തുവന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി 2026 ജൂലൈ 29-നാണ് ഇവര്‍ വെവ്വേറെ കത്തുകള്‍ അയച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന സീനിയര്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ മനീഷ് ഗാര്‍ഗ്, വോട്ടര്‍പട്ടികയുടെ ഐ.ടി സംവിധാനവുമായി ബന്ധപ്പെട്ട ജോലി വിഭജനത്തില്‍ വരുത്തിയ മാറ്റങ്ങളാണ് തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നത്. കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോ ചര്‍ച്ചയോ കൂടാതെയാണ് ഈ ജോലി പുനര്‍വിതരണ ഉത്തരവ് ഇറക്കിയതെന്ന് കമ്മീഷണര്‍മാര്‍ കത്തില്‍ ആരോപിക്കുന്നു. കമ്മീഷണര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഉത്തരവ് പിന്നീട് നടപ്പിലാക്കാതെ മാറ്റിവെച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
കമ്മീഷണര്‍മാര്‍ നല്‍കിയ 10 പേജുള്ള കത്തുകള്‍, മറുപടികള്‍, ഫയല്‍ നോട്ടിങ്ങുകള്‍ ഉള്‍പ്പെടെ ആകെ 14 പേജുള്ള ഔദ്യോഗിക രേഖകളാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ലോകേഷ് ബത്രയുടെ അപേക്ഷയിലൂടെ പുറത്തുവന്നത്. ഈ കത്തുകള്‍ കമ്മീഷണര്‍മാര്‍ വ്യക്തിപരമായ ശേഷിയില്‍ അയച്ചതാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗികമായ കൂട്ടായ തീരുമാനമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും കാബിനറ്റ് സെക്രട്ടറിയേറ്റ് ഫയലില്‍ കുറിച്ചു. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അനുചിതമാണെന്ന് വിലയിരുത്തിക്കൊണ്ട് ഈ പരാതികളില്‍ നേരിട്ട് നടപടിയെടുക്കാന്‍ കാബിനറ്റ് സെക്രട്ടറിയേറ്റ് വിസമ്മതിച്ചു.
കത്തുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച കാബിനറ്റ് സെക്രട്ടറിയേറ്റ്, ഇതിന്റെ പകര്‍പ്പുകള്‍ തുടര്‍നടപടികള്‍ക്കായി പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും കൈമാറിയിട്ടുണ്ട്. കമ്മീഷന്‍ ഒന്നാകെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍, അന്ന് മറ്റ് നടപടികളിലേക്ക് കടക്കുന്നത് ഉചിതമാകില്ലെന്ന നിലപാടാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത; രണ്ട് കമ്മീഷണര്‍മാരുടെ എതിര്‍പ്പു കത്തുകള്‍ പുറത്ത്