ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യുടെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം നവംബർ 20-നാണ് ആഗോളതലത്തിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.
നൂതനമായ കഥപറച്ചിൽ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ ടീസർ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ ഉണർത്തുന്നുണ്ട്. സാത്വിക അവതരിപ്പിക്കുന്ന 'കല്പന' എന്ന കഥാപാത്രത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടും പ്രണയം, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവകൊണ്ടും സമ്പന്നമായിരിക്കും. സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അവൾക്കൊപ്പം ഉറച്ചുനിൽക്കുന്ന 'കൃഷ്ണ' എന്ന കഥാപാത്രത്തിന്റെയും ജീവിത യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
തമിഴ് നടി ശ്രുതി ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ശർമ, സ്വാസിക എന്നിവരും അണിനിരക്കുന്നുണ്ട്. ജി. വി. പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിൽ വൻ ജനപ്രീതി നേടിയ ദുൽഖറിന്റെ അടുത്ത വൻകിട റിലീസായ ‘ആകാശംലോ ഒക താര’യുടെ ഛായാഗ്രഹണം സുജിത് സാരംഗും എഡിറ്റിംഗ് പ്രവീൺ കെ.എല്ലുമാണ് നിർവഹിച്ചിരിക്കുന്നത്. ശ്വേത സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; റിലീസ് നവംബർ 20-ന്