വോട്ട് ചോര്‍ച്ചയിലൂടെ ജനവിധി അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'ദില്ലി ചലോ' മാര്‍ച്ച് ചരിത്രപരമായ ബഹുജന പങ്കാളിത്തം കൊണ്ടും പ്രതിഷേധ വീര്യം കൊണ്ടും സമാനതകളില്ലാത്ത സംഭവമായി മാറിയെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
സുപ്രീം കോടതി ലക്ഷ്യമാക്കി സമാധാനപരമായി നീങ്ങിയ ജനലക്ഷങ്ങളെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പോലീസിനെയും ബാരിക്കേഡുകളെയും ഉപയോഗിച്ച് നടത്തിയത് ഭരണകൂട ഭീകരതയും ഭീരുത്വവുമാണ്. പ്രവര്‍ത്തകരെ തെരുവില്‍ വലിച്ചിഴച്ചും മര്‍ദ്ദിച്ചും അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധക്കാരെ സംയമനത്തോടെയും ധീരതയോടെയും നയിച്ച രാഹുല്‍ ഗാന്ധിക്കും സഹപ്രവര്‍ത്തകര്‍ക്കും സണ്ണി ജോസഫ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
വോട്ടവകാശവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പോലീസിന്റെ ലാത്തികൊണ്ടോ ബാരിക്കേഡുകള്‍ കൊണ്ടോ ജനങ്ങളുടെ വോട്ടവകാശത്തെ അടിച്ചമര്‍ത്താമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും, ജനാധിപത്യത്തിന്റെ വിജയം വരെ ഈ പ്രക്ഷോഭം തുടരുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
'ദില്ലി ചലോ' മാര്‍ച്ചിലെ ജനരോഷം കേന്ദ്രത്തിന് മുന്നറിയിപ്പ്; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കണം: സണ്ണി ജോസഫ്