പോലീസ് നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ യൂട്യൂബറും ഇന്‍ഫ്‌ലുവന്‍സറുമായ ധ്രുവ് റാഠി. തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നില്ലെന്നും, രേഖകളോ വാറന്റോ ഇല്ലാതെ അതിക്രമിച്ച് കയറി നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റഡിയില്‍ നിന്ന് മോചിതനായ ശേഷം സാമൂഹിക മാധ്യമമായ 'എക്‌സി'ല്‍ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തനിക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ തുറന്നുപറഞ്ഞത്.
താന്‍ വിദേശ പാസ്പോര്‍ട്ട് ഉടമയാണെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നുമുള്ള പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ ധ്രുവ് റാഠി, തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് വീഡിയോയില്‍ ഉയര്‍ത്തിക്കാട്ടി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളുമുള്ള ഒരു ഇന്ത്യന്‍ പൗരനാണ് താനെന്ന് അദ്ദേഹം ആവര്‍ത്തിച്ചു
ഡല്‍ഹിയില്‍ ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെയും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും കോക്‌റോച്ച് ജനതാ പാര്‍ട്ടി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കവെയായിരുന്നു സംഭവം. ഒക്ടോബര്‍ 10-ന് രാവിലെ ഏഴുമണിയോടെ ഗുരുഗ്രാമിലെ വസതിയില്‍ വെച്ചാണ് പോലീസിന്റെ ഇരച്ചുകയറ്റമുണ്ടായത്.
പോലീസ് യൂണിഫോമോ നെയിം പ്ലേറ്റോ ധരിക്കാത്ത 20-ഓളം ആളുകള്‍ വീടിന്റെ വാതില്‍ തുറന്ന മാതാവിനെ തള്ളിമാറ്റി ബെഡ്റൂമിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന തനിക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്നതിന് മുമ്പ് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി. കാലില്‍ ചെരുപ്പ് പോലും ധരിക്കാന്‍ അനുവദിക്കാതെ പടികളിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്നും ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മാതാപിതാക്കള്‍ക്ക് നേരെയും പോലീസ് കൈയേറ്റം നടന്നു.
തന്റെയും മാതാപിതാക്കളുടെയും ഫോണുകള്‍ പിടിച്ചെടുത്ത ശേഷം പല സ്റ്റേഷനുകളിലായി മാറ്റി മാറ്റിയാണ് തടങ്കലില്‍ വെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഏകദേശം 23 മണിക്കൂറോളം അഭിഭാഷകനുമായി സംസാരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. സമാനമായ രീതിയില്‍ സിജെപി നേതാക്കളായ അഭിജീത്, സൗരവ് ദാസ്, അശുതോഷ് എന്നിവരുള്‍പ്പെടെ ഏഴായിരത്തോളം ആളുകളെയാണ് തടങ്കലിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും ഏകാധിപത്യത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ വടക്കന്‍ കൊറിയയിലാണ് സാധാരണ കാണാറുള്ളത്. ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും പതനം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഭരണാധികാരികളെ ഓര്‍മ്മിപ്പിച്ചു. നിലവില്‍ മോചിതനായെങ്കിലും വീടിന് ചുറ്റും പതിനഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് അപ്രഖ്യാപിത വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ധ്രുവ് റാഠി വീഡിയോയില്‍ വ്യക്തമാക്കി.
അറസ്റ്റല്ല, കിഡ്‌നാപ്; ഞാന്‍ ഇന്ത്യന്‍ പൗരന്‍ തന്നെ: പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ധ്രുവ് റാഠി