ദേശാഭിമാനി വിവാദം: വാരാന്തപ്പതിപ്പ് എഡിറ്റര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ദേശാഭിമാനി വിവാദത്തില്‍ വാരാന്ത്യ പതിപ്പ് എഡിറ്റര്‍ കെ.ആര്‍. അജയന് കാരണം കാണിക്കല്‍ നോട്ടീസ്. ഇന്ന് വൈകുന്നേരം നാല് മണിക്ക് മുന്‍പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ലേഖനത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി, 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല, ആന്തരിക വിഷയങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു തുടങ്ങിയ കുറ്റങ്ങളാണ് നോട്ടീസില്‍ അജയനെതിരെ ഉന്നയിച്ചിരിക്കുന്നത്.
അതിനിടെ, കവര്‍സ്റ്റോറിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ കാരണം ഇന്നലെ തടഞ്ഞുവെച്ചിരുന്ന വാരാന്ത പതിപ്പ് ഒടുവില്‍ പുറത്തിറങ്ങി. വി.എസ്. അച്യുതാനന്ദന്റെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി 'മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം' എന്ന തലക്കെട്ടിലാണ് പുതിയ പതിപ്പ് വായനക്കാരിലേക്ക് എത്തിയത്. വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ കുറിപ്പുകള്‍ ഇതിലുണ്ട്. എന്നാല്‍ തര്‍ക്കത്തിന് വഴിവെച്ച 'കള്ളന്‍ വിജയന്‍' എന്ന നാടകപ്രവര്‍ത്തകനെക്കുറിച്ചുള്ള ലേഖനം ഈ പതിപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവാദത്തില്‍ വി.എസ്. അച്യുതാനന്ദന്റെ കുടുംബം അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. അനാവശ്യമായ ഇത്തരം വിവാദങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ പ്രതികരിച്ചു. പത്രം പ്രസിദ്ധീകരിക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദേശാഭിമാനിയുടെ ലേഖകന്‍ തന്നെ നേരിട്ട് വന്ന് കണ്ടിരുന്നു എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നാടകപ്രവര്‍ത്തകനായ വിജയന്‍. താന്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ലെന്നും ദേശാഭിമാനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഈ ലേഖനം പ്രസിദ്ധീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജയനെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ എം. സ്വരാജ് ഇന്നലെ വ്യക്തമാക്കിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.