ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സി.ജെ.പി സഹ-കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു. സി.ജെ.പി അംഗമായ അജിങ്ക്യ ഷിന്‍ഡെക്കും സമന്‍സ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിക്രമിച്ചുകടക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തിലുള്ളത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രാജൗരി ഗാര്‍ഡനിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഒക്ടോബര്‍ 13-ലെ സംഭവവുമായി ബന്ധപ്പെട്ട രണ്ട് കേസുകളും ഡല്‍ഹി പൊലീസ് കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഒരെണ്ണം കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലും മറ്റൊന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഔദ്യോഗിക ഉത്തരവുകള്‍ ലംഘിക്കല്‍, അതിക്രമിച്ചുകടക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കൊണാട്ട് പ്ലേസ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് രണ്ടാമത്തെ കേസ് എടുത്തത്. സമരം നിരോധിച്ച ജന്തര്‍ മന്തര്‍ പ്രദേശത്ത് ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ പ്രവേശിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് ആരോപിക്കുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനല്‍കണമെന്ന പൊലീസിന്റെ ആവശ്യം സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തള്ളിയതിനെ തുടര്‍ന്ന്, സൗരവ് ദാസും അശുതോഷ് റാങ്കയും ബുധനാഴ്ച തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ഒക്ടോബര്‍ 14 മുതല്‍ ഇവര്‍ കസ്റ്റഡിയിലായിരുന്നു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും ആള്‍ജാമ്യവും നല്‍കിയ ശേഷമാണ് കോടതി ഇവരെ വിട്ടയച്ചത്. ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമായി പ്രഖ്യാപിക്കാത്തതിനാല്‍ ഇനി അവിടെ സമരങ്ങള്‍ ആഹ്വാനം ചെയ്യില്ലെന്നും ഭരണഘടനാപരമായ രീതിയില്‍ മാത്രമേ പ്രതിഷേധങ്ങള്‍ നടത്തൂ എന്നും ഇവര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജന്തര്‍ മന്തര്‍ പ്രതിഷേധം: സിജെപി നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് സമന്‍സ്