ഡല്‍ഹി മാളവ്യ നഗറിലെ അഞ്ച് നിലകളുള്ള ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 21 മരണം. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിലവില്‍ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇടുങ്ങിയ തെരുവില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലായതിനാല്‍ ആദ്യ ഘട്ടത്തില്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടു. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ആദ്യ ഘട്ടത്തില്‍ മൂന്ന് പേരെ മാത്രമാണ് പുറത്തെത്തിക്കാനായത് എങ്കിലും പിന്നീട് മുപ്പതിലേറെ പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ആളിക്കത്തുന്ന തീയില്‍ നിന്നും പുകയില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ചിലര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയതായും ദൃക്സാക്ഷികള്‍ പറയുന്നു.
പ്രാദേശികവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലില്‍ അപകടം നടക്കുമ്പോള്‍ നിരവധി താമസക്കാരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരാണ്. രാവിലെ ഭൂരിഭാഗം പേരും ഉറങ്ങിക്കിടക്കുന്ന സമയത്തായതിനാലാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. താന്‍ എങ്ങനെയൊക്കെയോ ആണ് ഓടി രക്ഷപെട്ടതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പ്രതികരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഡല്‍ഹിയില്‍ ഹോട്ടലിന് തീപിടിച്ച് വന്‍ ദുരന്തം; 21 പേര്‍ മരിച്ചു