ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ സമാപനം. പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന പ്രസംഗം നടത്തി. ബ്രിക്‌സ് കേവലം രാജ്യങ്ങളുടെ ഒരു കൂട്ടായ്മ മാത്രമല്ലെന്നും ആഗോള തലത്തിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്തുന്ന നിര്‍ണായക സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന ബ്രിക്‌സില്‍ നിന്ന് ലോകം വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ആ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് സാധിക്കും. ഡല്‍ഹി സമ്മേളനം സംഘടനയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നുവെന്നും തീരുമാനങ്ങള്‍ ഒന്നിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. സമാപന ചടങ്ങില്‍ ഇറാന്‍ പ്രസിഡന്റിനെ പ്രധാനമന്ത്രി മോദി ആലിംഗനം ചെയ്തത് ശ്രദ്ധേയമായി. കൂടാതെ പ്രധാനമന്ത്രി മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരൊന്നിച്ചുള്ള ഉന്നതതല ചര്‍ച്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
സാങ്കേതികവിദ്യയും സുപ്രധാന ധാതുക്കളും മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആയുധമാക്കുന്നത് ആഗോള വികസനത്തെയും പുരോഗതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് സമാപന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. സുപ്രധാന ധാതുക്കളുടെ കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലും കൈമാറ്റത്തിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുതാര്യമായ സമീപനത്തിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ സമാപനം; നന്ദി അറിയിച്ച് പ്രധാനമന്ത്രി; സുപ്രധാന ധാതുക്കള്‍ ആയുധമാക്കരുതെന്ന് പരാമര്‍ശം