ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച. ഇമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ മൂന്ന് ഇറ്റാലിയന്‍ പൗരന്മാര്‍ മ്യൂണിക്കിലേക്ക് യാത്ര ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് സിവില്‍ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പാസഞ്ചര്‍ ഹാന്‍ഡ്ലിങ് സംവിധാനത്തിലെ കടുത്ത വീഴ്ചയായാണ് മന്ത്രാലയം ഇതിനെ വിലയിരുത്തുന്നത്. സംഭവത്തില്‍ ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ 4-ന് പുലര്‍ച്ചെയാണ് സംഭവം. അമൃത്സറില്‍ നിന്ന് എയര്‍ ഇന്ത്യയുടെ AI-1115 വിമാനത്തില്‍ പുലര്‍ച്ചെ 12:50-ഓടെയാണ് മൂന്ന് യാത്രക്കാരും ഡല്‍ഹിയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പുലര്‍ച്ചെ 1:45-ഓടെ ഇവര്‍ ലുഫ്താന്‍സയുടെ (LH-763) വിമാനത്തില്‍ ജര്‍മ്മനിയിലെ മ്യൂണിക്കിലേക്ക് പറക്കുകയായിരുന്നു. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുന്‍പ് ഇവര്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിന് വിധേയരായിരുന്നില്ല.
അമൃത്സറില്‍ വെച്ച് തന്നെ യാത്രക്കാര്‍ക്ക് ആഭ്യന്തര യാത്രയ്ക്കുള്ള ബോര്‍ഡിങ് പാസിനൊപ്പം മ്യൂണിക്കിലേക്കുള്ള ലുഫ്താന്‍സ വിമാനത്തിന്റെ ബോര്‍ഡിങ് പാസും നല്‍കിയിരുന്നതായി കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ പ്രകാരം ആഭ്യന്തര യാത്രക്കാര്‍ക്ക് 'D' പാസും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 'I' പാസുമേ അനുവദിക്കാന്‍ പാടുള്ളൂ എന്നിരിക്കെ, അധികമായി ബോര്‍ഡിങ് പാസുകള്‍ നല്‍കിയതിലെ ചട്ടലംഘനം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയില്‍ വിമാനമിറങ്ങിയ യാത്രക്കാരെ ഇമിഗ്രേഷന്‍ കേന്ദ്രത്തിലേക്ക് വിടുന്നതിന് പകരം ഗേറ്റ് 39 വഴി ഇന്റര്‍നാഷണല്‍-ടു-ഇന്റര്‍നാഷണല്‍ ട്രാന്‍സ്ഫര്‍ ഏരിയയിലേക്ക് നേരിട്ടെത്തിക്കുകയായിരുന്നു. ഇവിടെവെച്ച് ആവശ്യമായ രേഖാ പരിശോധനകളോ ഇമിഗ്രേഷന്‍ ക്ലിയറന്‍സോ ഇല്ലാതെ ഇവര്‍ വിമാനത്തില്‍ കയറി യാത്ര ചെയ്യുകയായിരുന്നു.
ഡൊമസ്റ്റിക്-ഇന്റര്‍നാഷണല്‍ (D-I) സര്‍വീസുകളില്‍ പാലിക്കേണ്ട അഞ്ചോളം പ്രധാന സുരക്ഷാ നിര്‍ദേശങ്ങള്‍ എയര്‍ ഇന്ത്യ ലംഘിച്ചതായി വ്യോമയാന മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഏജന്‍സികളുടെയും വിമാനക്കമ്പനി അധികൃതരുടെയും നിര്‍ണായക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ 3 ഇറ്റാലിയന്‍ പൗരന്മാര്‍ ഇന്ത്യവിട്ടു; എയര്‍ ഇന്ത്യക്ക് കാരണംകാണിക്കല്‍ നോട്ടീസ്