തിരുവനന്തപുരം: പത്തനംതിട്ട അടൂർ സ്വദേശി അഭിജിത്തിനെ ശാസ്താംകോട്ട പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കാൻ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. വിഷയത്തിൽ ഉടൻ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ചേർത്തല എം.എൽ.എയും മുൻ മന്ത്രിയുമായ പി. പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ.
സഹോദരനെ അന്വേഷിച്ചെത്തിയ ശാസ്താംകോട്ട പൊലീസ് സംഘം, അഭിജിത്തിനെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം ഇടിച്ചു തകർക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും മനുഷ്യാവകാശ ലംഘനവും നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.