തിരുവനന്തപുരം: സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയുടെ പൊതുചര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വത്തിന് നേരെ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അടിമുടി മാറണമെന്നും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ പ്രതീക്ഷയ്‌ക്കൊത്ത തിരുത്തലുകള്‍ വരുത്തണമെന്നും യോഗത്തില്‍ പൊതുവികാരമുയര്‍ന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് നേരിട്ട് പറയാതെയായിരുന്നു നേതാക്കളുടെയും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളുടെയും വിമര്‍ശനങ്ങള്‍.
സംസ്ഥാന സെക്രട്ടറിയേറ്റിന് കൂട്ടുത്തരവാദിത്തമില്ലെന്നും തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി എടുക്കുന്നില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പ്രധാന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ നേതൃത്വത്തില്‍ ഭിന്നാഭിപ്രായം ഉണ്ടാകുന്നത് തിരിച്ചടിയാകുന്നുണ്ട്. 'എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന വാചകം തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യക്തികേന്ദ്രീകൃതമായതും തിരിച്ചടിയായെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. മന്ത്രിമാര്‍ തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ടില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഭരിക്കുന്ന സമയത്ത് തൊഴിലാളി സമരങ്ങള്‍ വിലക്കിയത് തിരിച്ചടിയായെന്നും, ഇത് വ്യവസായ താല്പര്യങ്ങളെ ഹനിച്ചുവെന്നും സിഐടിയു ആരോപിച്ചു. ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെങ്കില്‍ അടിമുടി മാറ്റം വേണമെന്ന കര്‍ശന നിലപാടിലാണ് ഭൂരിഭാഗം അംഗങ്ങളും.
'അടിമുടി മാറണം, എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന വാചകം തിരിച്ചടിയായി': വിശാല സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം