തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ ഉലയുന്ന സിപിഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള തര്‍ക്കങ്ങള്‍ മുറുകുന്നു. താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന വികാരങ്ങളെയും വിമര്‍ശനങ്ങളെയും അവഗണിച്ചുകൊണ്ട് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകന രേഖയ്ക്കെതിരെ മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ തോമസ് ഐസക് പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.
ബ്രാഞ്ച് മുതല്‍ ജില്ലാ കമ്മിറ്റി വരെ കീഴ്ഘടകങ്ങള്‍ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടത് നേതൃമാറ്റമായിരുന്നു. എന്നാല്‍, ഈ ആവശ്യങ്ങളെല്ലാം വെട്ടിമാറ്റി ഉന്നത നേതാക്കളെ സംരക്ഷിക്കുന്ന രീതിയിലാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവലോകന രേഖ തയ്യാറാക്കിയത്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ ഔദ്യോഗിക രേഖയാക്കി മാറ്റുന്നത് പാര്‍ട്ടിയെ പൂര്‍ണ്ണ നാശത്തിലേക്ക് നയിക്കുമെന്ന് തോമസ് ഐസക് യോഗത്തില്‍ തുറന്നടിച്ചു.
കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വലിയ ചര്‍ച്ചയായി. കീഴ്ഘടകങ്ങള്‍ തീരുമാനിക്കാത്ത പേര് എങ്ങനെ മുകളിലെത്തിയെന്ന ചോദ്യം കണ്ണൂരിലെ നേതാക്കള്‍ തന്നെ ഉന്നയിച്ചത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ന്നു. കേന്ദ്ര നിരീക്ഷകരായ വിജു കൃഷ്ണന്‍, ബി.വി. രാഘവുലു, കെ. ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം യോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. കേരളത്തിലെ കീഴ്ഘടകങ്ങളുടെ യഥാര്‍ത്ഥ വികാരം കേന്ദ്ര നേതൃത്വം ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതിലുള്ള കേന്ദ്രത്തിലെ അതൃപ്തിയും ഇതോടെ വീണ്ടും ചര്‍ച്ചയാകുന്നു. മാധ്യമങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും കള്ളപ്രചാരണങ്ങള്‍ കൊണ്ടാണ് തോറ്റതെന്ന നേതൃത്വത്തിന്റെ പതിവ് വാദത്തെ ഭൂരിഭാഗം നേതാക്കളും തള്ളി. ഭരണവിരുദ്ധ വികാരവും ജനവിരുദ്ധ നയങ്ങളുമാണ് തോല്‍വിക്ക് കാരണമെന്ന കീഴ്ഘടകങ്ങളുടെ വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ അംഗീകരിക്കേണ്ടി വന്നു.
കണ്ണൂര്‍ ലോബിയുടെ ആധിപത്യത്തിനെതിരെ മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ക്കിടയില്‍ ശക്തമായ അമര്‍ഷം പുകയുന്നുണ്ട്. പിണറായി വിജയന്റെ ശൈലിക്കെതിരെ പരസ്യമായി സംസാരിക്കാന്‍ പലരും ഭയപ്പെടുന്നുണ്ടെങ്കിലും, തോമസ് ഐസക്കിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ വലിയൊരു വിഭാഗം അണിനിരക്കുന്നത് പാര്‍ട്ടിയില്‍ പുതിയൊരു ചേരിതിരിവിന് തുടക്കമിട്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കേന്ദ്ര കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകുമ്പോള്‍ സംസ്ഥാന നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന മുന്നറിയിപ്പും കേന്ദ്ര നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്.
സിപിഎമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം: തിരുത്തല്‍ രേഖ അട്ടിമറിച്ചെന്ന് തോമസ് ഐസക്; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം