തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം താഴെത്തട്ടിലുള്ള കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ കടുത്ത അമർഷവും ആക്ഷേപങ്ങളും ഉയരുന്നു. ബിജെപിയിൽ നിന്ന് പണം കൈപ്പറ്റി സിപിഎം നേതാക്കൾ തന്നെ നേമത്ത് വി. ശിവൻകുട്ടിയെ തോൽപ്പിച്ചുവെന്നാണ് പാർട്ടി യോഗങ്ങളിൽ ഒരു വിഭാഗം ഉയർന്ന ഉന്നയിച്ച ഗുരുതരമായ ആരോപണം. ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ഈ വിഷയം പിന്നീട് ഏരിയ കമ്മിറ്റി യോഗങ്ങളിലും കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി ഒരു കമ്മീഷനെ വെക്കുകയാണെങ്കിൽ വോട്ട് മറിച്ചതുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്ന് ചില അംഗങ്ങൾ യോഗത്തിൽ തുറന്നടിച്ചു.
അതേസമയം, കിളിമാനൂർ ഏരിയ കമ്മിറ്റി യോഗത്തിൽ മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനമാണുണ്ടായത്. കോട്ടയത്തും കൊച്ചിയിലും നടന്ന യോഗങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തെ ഇകഴ്ത്തിയും വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലും സംസാരിച്ചപ്പോൾ, ആ വേദികളിലുണ്ടായിരുന്ന അന്നത്തെ മന്ത്രി വി.എൻ. വാസവൻ അതിനെ എതിർത്തില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. എതിർക്കാതിരുന്നതിന് പുറമെ വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിക്കാൻ കൂടി വാസവൻ തയ്യാറായത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിയെ അനാവശ്യമായി ഉയർത്തിക്കാട്ടുന്നതും സ്വന്തം ഔദ്യോഗിക വാഹനത്തിൽ കയറ്റി യാത്ര ചെയ്തതുമെല്ലാം പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകിയതെന്നും വിമർശനമുയർന്നു.
പാർട്ടിയുടെ അറിവോടെയാണ് 'അയ്യപ്പ സംഗമം' നടത്തിയതെന്ന വി.എൻ. വാസവന്റെ വിശദീകരണം കമ്മിറ്റിയിലെ ഭൂരിഭാഗം പേരും തള്ളി. ഒടുവിൽ, വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ യഥാസമയം പ്രതിരോധിക്കാത്തത് വലിയ തെറ്റായിപ്പോയെന്ന് യോഗത്തിൽ വി.എൻ. വാസവന് കുറ്റസമ്മതം നടത്തേണ്ടി വന്നു. കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രൻ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം ഏരിയ കമ്മിറ്റിയിലും കടുത്ത ആക്ഷേപങ്ങൾ ഉയർന്നു. കടകംപള്ളിയുടെ പരാജയത്തിന് പിന്നിൽ ജില്ലാ, ഏരിയ തലത്തിലുള്ള പ്രമുഖ നേതാക്കൾക്ക് കൃത്യമായ പങ്കുണ്ടെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം.