ആലപ്പുഴ: പ്രാദേശിക വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് കുട്ടനാട് സി.പി.എമ്മിൽ പാർട്ടി നേതൃത്വത്തിന്റെ കടുത്ത അച്ചടക്ക നടപടി. കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ട നേതൃത്വം, പകരം പത്തംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതല കൈമാറി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി. പുളിക്കലിനാണ് പുതിയ കമ്മിറ്റിയുടെ ചുമതല നൽകിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് ഈ നടപടി.
അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. അശോകൻ, സി. ഉണ്ണികൃഷ്ണൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇതിനുപുറമെ ഏരിയ കമ്മിറ്റിയിലെ മറ്റൊരു അംഗത്തെയും ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.
മനു സി. പുളിക്കലിന് പുറമെ ജോസ് തോമസ്, എൻ.പി. വിൻസെന്റ്, ജോജോ ആന്റണി, കെ.ആർ. രാംജിത്ത്, എം.വി. പ്രിയ, എം. കൃഷ്ണലത, എം.കെ. സജി തുടങ്ങിയവരാണ് പുതിയ അഡ്ഹോക്ക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ സി.പി.എം; കുട്ടനാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു, ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് തരംതാഴ്ത്തൽ