തിരുവനന്തപുരം: ഇ.ഡി നീക്കങ്ങളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സി.പി.എമ്മിനെയും തല്‍ക്കാലം പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം. വിഷയത്തില്‍ പിണറായിയെയോ സി.പി.എമ്മിനെയോ ന്യായീകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പൊതുവികാരം.
ഇ.ഡിക്കെതിരെയുള്ള ദേശീയ തലത്തിലെ രാഷ്ട്രീയ നിലപാട് ഈ വിഷയത്തില്‍ കേരളത്തില്‍ ബാധകമല്ലെന്നാണ് സി.പി.ഐ സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവന്ന ശേഷം മാത്രം ചര്‍ച്ച ചെയ്ത്, ആവശ്യമെങ്കില്‍ നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. സി.പി.ഐയുടെ ഈ കടുത്ത നിലപാടോടെ, ഇ.ഡി വിഷയത്തില്‍ ഇടതുമുന്നണിയുടെ പൂര്‍ണ്ണ പിന്തുണ പിണറായി വിജയനും സി.പി.എമ്മിനും ലഭിക്കില്ലെന്ന് ഉറപ്പായി.
അതേസമയം, വരാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തില്‍ ഇ.ഡിക്കെതിരെ പ്രമേയം അവതരിപ്പിച്ച് പ്രതിരോധം തീര്‍ക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ നീക്കം. പ്രമേയത്തിലൂടെ പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നേക്കാവുന്ന രൂക്ഷവിമര്‍ശനങ്ങളുടെ മൂര്‍ച്ച കുറയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
പിണറായിയെ തള്ളി സി.പി.ഐ; ഇ.ഡി വിഷയത്തില്‍ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം