മാസപ്പടി വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്ര ഏജന്‍സിയായ ഇ.ഡി, പിണറായി വിജയനെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ എല്‍.ഡി.എഫ് അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും ആ പ്രതിരോധത്തില്‍ സിപിഐ ഭാഗമാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാല്‍ മാസപ്പടി വിഷയത്തില്‍ പിണറായി വിജയന് നല്‍കുന്ന രാഷ്ട്രീയ പ്രതിരോധം മന്ത്രി മുഹമ്മദ് റിയാസിന് നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നല്‍കാന്‍ ബിനോയ് വിശ്വം തയ്യാറായില്ല. 'പൊളിറ്റിക്‌സ് വേറെ, ബിസിനസ് വേറെ... ഇതിലുണ്ട് എല്ലാം, അതില്‍ നിന്ന് നിങ്ങള്‍ കാര്യങ്ങള്‍ വ്യാഖ്യാനിച്ചെടുക്കണം' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ സംരക്ഷണം നല്‍കുമ്പോഴും, വീണ വിജയനെയും മുഹമ്മദ് റിയാസിനെയും സംരക്ഷിക്കാനുള്ള നിലപാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വത്തിന്റെ ഈ ഒളിയമ്പിലൂടെ വ്യക്തമാകുകയാണ്. മാസപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിയാസിനായി പ്രതിരോധം തീര്‍ക്കാന്‍ സിപിഐ തയ്യാറല്ലെന്ന സൂചനയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം നല്‍കുന്നത്.
"പൊളിറ്റിക്സ് വേറെ, ബിസിനസ് വേറെ"; മാസപ്പടിയില്‍ വീണയ്ക്കും റിയാസിനുമെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം