കൊല്ലം: രാഹുല്‍ ഗാന്ധിക്കെതിരായി നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍
തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്ക്ക് കോടതിയുടെ സമന്‍സ്. കേസില്‍ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി ഉത്തരവിട്ടത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ മാനനഷ്ട കേസിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.
ഒക്ടോബര്‍ 14-ന് കൊല്ലം പുനലൂരില്‍ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിലാണ് വിവാദ പരാമര്‍ശം നടന്നത്. 'മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കാണിക്കുന്നത്' എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ പോലീസ് ശ്രീലേഖയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ബിഎന്‍എസ് 192 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.
രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിലും നിലപാടുകളിലും ഭയന്നാണ് ബി.ജെ.പി നേതാക്കൾ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കഥകൾ ഉന്നയിക്കുന്നത്. ഉത്തരവാദപ്പെട്ട പദവികൾ വഹിച്ചിട്ടുള്ള ഒരാളിൽ നിന്ന് ഇത്തരമൊരു നിലവാരമില്ലാത്ത പരാമർശം പ്രതീക്ഷിച്ചില്ലെന്നും പൊതുമാപ്പ് പറയണമെന്നും കോൺഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.