ന്യൂഡല്‍ഹി: എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളിക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ്. വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭരണപക്ഷത്തിന്റെ 'ഏറാന്‍മൂളി'യായി പ്രവര്‍ത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആദ്യം എഴുതിവാങ്ങണമെന്നും നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു.
ലോക്സഭയിലെ തങ്ങളുടെ സ്വാധീനവും ഭൂരിപക്ഷവും ഉപയോഗിച്ച് മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കിയെടുക്കാം എന്ന വ്യാമോഹത്തിലാണ് ആഭ്യന്തരമന്ത്രിയെന്നും ജയറാം രമേഷ് ആരോപിച്ചു. 'സ്വയം പ്രഖ്യാപിത ചാണക്യനും വീരവാദങ്ങളുടെ ഉസ്താദുമായ' ആഭ്യന്തരമന്ത്രി ഇപ്പോള്‍ 'വോട്ടുചോര്‍ച്ച' ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് പറയുന്നത് വിരോധാഭാസമാണ്. വോട്ടുമോഷണം ചര്‍ച്ച ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ താത്പര്യമുണ്ടെങ്കില്‍ ആദ്യം സി.ഇ.സിയെ പുറത്താക്കുകയും എസ്.ഐ.ആര്‍ പ്രക്രിയകള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയുമാണ് വേണ്ടത്.
ഇതോടൊപ്പം മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രതിപക്ഷവുമായി പങ്കുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം സുതാര്യമായി ചര്‍ച്ച ചെയ്യുന്നതിനായി ഉടനടി ഒരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനുള്ള ധൈര്യം കേന്ദ്രം കാണിക്കണമെന്നും ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.
'ആദ്യം ഗ്യാനേഷ് കുമാറിന്റെ രാജി എഴുതി വാങ്ങണം'; അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ്