ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രൂപീകരിച്ച അരുണാചല്‍ ജനതാ പാര്‍ട്ടി (എജെപി) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെച്ചൊല്ലി വന്‍ വിവാദം. പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. എക്സിലൂടെ (X) പാര്‍ട്ടി രൂപീകരണത്തിന്റെ പൊതുഅറിയിപ്പ് പങ്കുവെച്ച അദ്ദേഹം, അമിത് ഷായെ 'സ്വയംപ്രഖ്യാപിത ചാണക്യന്‍' എന്ന് പരിഹസിക്കുകയും ചെയ്തു.
നേരത്തെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കള്‍ക്കായി നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയെ (എന്‍സിപിഐ) പുനരുജ്ജീവിപ്പിച്ചതിന് സമാനമായ തന്ത്രമാണ് അരുണാചലിലും ബിജെപി പയറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ 27 ലോക്സഭാംഗങ്ങളില്‍ 20 പേര്‍ പാര്‍ട്ടി വിട്ട് എല്‍ഡിഎ എല്‍ഡിഎ സഖ്യത്തിലായ എന്‍സിപിഐയില്‍ ചേരുകയും എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ 734 രജിസ്റ്റര്‍ ചെയ്ത എന്നാല്‍ അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 1,100 കോടി രൂപയിലധികം വരുമാനം ലഭിച്ചതായി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഈ തുകയുടെ പകുതിയോളം ഗുജറാത്തിലെ 29 പാര്‍ട്ടികളുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്. 2026 ഒക്ടോബര്‍ 16-നാണ് അരുണാചല്‍ ജനതാ പാര്‍ട്ടി രൂപീകൃതമായത്. അരുണാചല്‍ പ്രദേശിലെ പാപും പാരെ ജില്ലയിലെ ഇറ്റാനഗറിലാണ് പാര്‍ട്ടിയുടെ ആസ്ഥാനം. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ രജിസ്ട്രേഷനില്‍ ആക്ഷേപമുള്ളവര്‍ക്ക് ഡിസംബര്‍ 3-നകം ന്യൂഡല്‍ഹി നിര്‍വചന്‍ സദന്നിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് രേഖാമൂലം പരാതി നല്‍കാം.
'സ്വയംപ്രഖ്യാപിത ചാണക്യന്റെ പുതിയ തന്ത്രം': അരുണാചല്‍ പ്രദേശില്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ അമിത് ഷായെന്ന് കോണ്‍ഗ്രസ്