ദേശീയ തലസ്ഥാനത്ത് വീണ്ടും ശക്തമായ സമരത്തിനൊരുങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വരും ദിവസങ്ങളിൽ കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാൻ സിജെപി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. മുൻപ് അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയതിന് അറസ്റ്റിലായ സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഡൽഹിയിൽ എത്തി പതാക ഉയർത്തുന്നതും സമരം ചെയ്യുന്നതും ഒരു കുറ്റകൃത്യമല്ലെന്ന് ഭരണാധികാരികളെ ഓർമ്മിപ്പിക്കണമെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. നേരിട്ട് ഡൽഹിയിൽ എത്താൻ കഴിയാത്തവർ അവരവരുടെ നഗരങ്ങളിൽ ദേശീയ പതാകയുമായി മാർച്ച് സംഘടിപ്പിക്കണമെന്നും, പതാക ഉയർത്തുന്നത് കുറ്റമല്ലെന്ന് അധികാരികളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ഇന്ത്യക്കാർ ഇതിനുമുമ്പ് ജയിലിലായത് ബ്രിട്ടീഷ് ഭരണകാലത്താണെന്നും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.
പതാക ഉയർത്തുന്നത് കുറ്റകൃത്യമല്ലെന്ന് ഭരണാധികാരികളെ ഓർമ്മിപ്പിക്കണം, വീണ്ടും പ്രതിഷേധത്തിന് സിജെപി