കൊച്ചി: കരിമണല് കമ്പനിയായ സി.എം.ആര്.എല്ലില് നിന്നുള്ള സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഉയര്ന്ന വിവാദങ്ങളില് തുടങ്ങി, മുന് മുഖ്യമന്ത്രിയും മകളും ഉള്പ്പെടെയുള്ളവര് നേരിട്ടുള്ള വിജിലന്സ് അന്വേഷണത്തിന്റെ നിഴലിലെത്തിനില്ക്കുന്ന മാസപ്പടിക്കേസ് കേരള രാഷ്ട്രീയത്തില് വന് വഴിത്തിരിവുകള്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലില് തുടങ്ങി സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസിന്റെയും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ED) നടപടികള് പിന്നിട്ട്, ഒടുവില് വിജിലന്സിന് നേരിട്ട് കേസെടുക്കാന് ഹൈക്കോടതി ഉത്തരവിട്ടത് വരെയുള്ള നിര്ണായക നാള്വഴികളിലൂടെ...
2019: ആദായനികുതി വകുപ്പ് കരിമണല് ഖനന കമ്പനിയായ കൊച്ചിന് മിനറല്സ് ആന്ഡ് റൂട്ടൈല് ലിമിറ്റഡ് (CMRL) സ്ഥാപനങ്ങളില് റെയ്ഡ് നടത്തുന്നു.
2023 ഓഗസ്റ്റ്: ആദായനികുതി ഇടക്കാല സെറ്റില്മെന്റ് ബോര്ഡിന്റെ ഉത്തരവ് പുറത്തുവരുന്നു. സി.എം.ആര്.എല് കമ്പനി യാതൊരു സേവനവും ലഭിക്കാതെ 2.78 കോടി രൂപ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്സ് (Exalogic Solutions) എന്ന കമ്പനിക്ക് നല്കിയെന്ന് ബോര്ഡ് കണ്ടെത്തുന്നു. ഇത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി.
2024 ജനുവരി: കേന്ദ്ര കോര്പ്പറേറ്റ് കാര്യ മന്ത്രാലയം കേസില് സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന് ഓഫീസിന്റെ (SFIO) അന്വേഷണത്തിന് ഉത്തരവിട്ടു.
2024 ഫെബ്രുവരി: SFIO അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ വിജയനും എക്സാലോജിക്കും കര്ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്ജി തള്ളി.
2025 ഏപ്രില്: SFIO അന്വേഷണം പൂര്ത്തിയാക്കി എറണാകുളം പ്രത്യേക കോടതിയില് 160 പേജുള്ള കുറ്റപത്രം സമര്പ്പിച്ചു.
കുറ്റപത്രത്തില് സി.എം.ആര്.എല് എം.ഡി ശശിധരന് കര്ത്ത ഒന്നാം പ്രതിയും, വീണ വിജയന് 11-ാം പ്രതിയുമായി ചേര്ക്കപ്പെട്ടു. കമ്പനി നിയമത്തിലെ സെക്ഷന് 447 (തട്ടിപ്പ് തടയല്) പ്രകാരമാണ് കേസെടുത്തത്.
2025 ജൂണ്: കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരം (PMLA) എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) കേസില് കൂടുതല് തെളിവെടുപ്പുകള് നടത്തി.
2026 മെയ്: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം കൂടുതല് കടുപ്പിച്ചു. കേരളത്തിലും ബെംഗളൂരുവിലുമായി നിരവധി കേന്ദ്രങ്ങളില് ഇ.ഡി മിന്നല് റെയ്ഡുകള് നടത്തുകയും വിവരശേഖരണം പൂര്ത്തിയാക്കുകയും ചെയ്തു
2026 ഒക്ടോബര് 9: കേസില് ചരിത്രപരമായ വിധി ഉണ്ടാകുന്നു. മാസപ്പടി ഇടപാടില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജികളില്, പിണറായി വിജയനും മുന് മന്ത്രി പി. എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലന്സിന് നേരിട്ട് എഫ്.ഐ.ആര് (FIR) രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താമെന്ന് കേരള ഹൈക്കോടതി (ജസ്റ്റിസ് എ. ബദറുദ്ദീന്) ഉത്തരവിട്ടു.
2026 ഒക്ടോബര് 15: ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ അന്വേഷണ ഉത്തരവിനെതിരെ അപ്പീല് നല്കാന് അനുമതി തേടിയുള്ള ഹര്ജികള് കേരള ഹൈക്കോടതി തള്ളി. ഇതോടെ കേസില് എഫ്.ഐ.ആര് നടപടികളുമായി വിജിലന്സിന് മുന്നോട്ട് പോകാനുള്ള വഴിയൊരുങ്ങി.
ആരോപണങ്ങളില് നിന്ന് വിജിലന്സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്വഴി
ആരോപണങ്ങളില് നിന്ന് വിജിലന്സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്വഴി