തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ ഉലച്ച സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെയും പകർപ്പുകൾ പുറത്തുവന്നു. മാസപ്പടിക്കേസിൽ പിണറായി വിജയനും, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസുമാണ് കേസുകളിൽ ഒന്നാം പ്രതികൾ. പിണറായി വിജയന്റെ മകളും എക്സാലോജിക് ഉടമയുമായ വീണ രണ്ട് കേസുകളിലും രണ്ടാം പ്രതിയാണ്. ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആദ്യ കേസിൽ മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്തുവെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമാണ് പിണറായി വിജയനെതിരെയുള്ള ആരോപണം. വീണയും സി.എം.ആർ.എൽ കമ്പനിയുമായി ഗൂഢാലോചന നടത്തി 3.28 കോടി രൂപ കൈപ്പറ്റിയെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പിണറായിക്കും വീണയ്ക്കും പുറമെ മറ്റ് അഞ്ച് പേർ കൂടി ഈ കേസിലെ പ്രതിപ്പട്ടികയിലുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായും പണം വിദേശത്തേക്ക് കടത്തിയതുമായും ബന്ധപ്പെട്ടതാണ് രണ്ടാമത്തെ എഫ്.ഐ.ആർ. ഇതിൽ പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. മന്ത്രിയെന്ന പദവി ഉപയോഗിച്ച് ഹവാല ഇടപാടുകളും അനധികൃത സമ്പാദ്യവും നടത്തിയെന്നാണ് ആരോപണം. 2024-25 കാലയളവിൽ വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയതായി വീണയുടെ വസതിയിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത കുറിപ്പുകളിൽ നിന്ന് വ്യക്തമാണെന്നും വിജിലൻസ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. ഷൈജൽ, നിഖിൽ, നന്ദുലാൽ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ.