ആറുവയസ്സുകാരിയായ റിവാനി മോളുടെ കരളലിയിക്കുന്ന അഭ്യർഥനയ്ക്ക് ഒടുവിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ചോർന്നൊലിക്കുന്ന ചായ്പിൽ കഴിയുന്ന വിഴിഞ്ഞം മുല്ലൂർ ഗവ. കെ.വി.എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി റിവാനിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ ജൂൺ ഒന്നിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ‘രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല... അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ... ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ... അതിൽ ഞങ്ങളുറങ്ങാം... ഞാൻ വലുതാകുമ്പോൾ പൈസ തരാം...’ എന്ന കുഞ്ഞു റിവാനിയുടെ വിഡിയോ സന്ദേശം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ, കുട്ടിയുടെ മാതാവ് പ്രിയങ്കയുടെ ഫോണിലേക്ക് നേരിട്ട് വിളിച്ച് വീട് ലഭ്യമാക്കുമെന്ന ഉറപ്പ് നൽകുകയായിരുന്നു. പിന്നാലെ സ്ഥലം എം.എൽ.എ എം. വിൻസന്റും കുടുംബത്തെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു.
തെന്നൂർക്കോണം ഞാറവിള മുക്കുവൻകുഴി വി.വി. ഹൗസ് എന്നാണ് വിലാസമെങ്കിലും റിവാനിക്കും കുടുംബത്തിനും പേരിനൊരു വീടുപോലുമില്ല. റിവാനിയുടെ പിതാവ് റിഗിൽ ഒരു ഓട്ടോ ഡ്രൈവറാണ്. ഇവർ താമസിക്കുന്ന രണ്ടര സെന്റ് വസ്തുവിലെ പ്ലാസ്റ്റിക് ഷീറ്റും തുണികളും മറച്ച, ഷീറ്റ് മേഞ്ഞ ചായ്പ് ഏതുനിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. നാട് മുഴുവൻ സ്കൂൾ പ്രവേശനോത്സവത്തിന്റെ ആഹ്ലാദത്തിൽ എത്തുമ്പോഴും റിവാനിയുടെയും അവളുടെ ചേട്ടനായ ആറാം ക്ലാസുകാരൻ ഇവാന്റെയും (11) മനസ്സിൽ സുരക്ഷിതമായ ഒരു വീടില്ലാത്തതിന്റെ വലിയ ആശങ്കകളായിരുന്നു. ഈ സാഹചര്യത്തിലാണ് കുരുന്നുകൾ സ്വയം ചിത്രീകരിച്ച ഒരു വിഡിയോയിലൂടെ മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ചത്.
റിവാനിയും ഇവാനും പഠനത്തിൽ ഏറെ മിടുക്കരാണെന്ന് ഇവരുടെ അധ്യാപികയായ റിനി സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുടെ അമ്മ പ്രിയങ്ക ബിരുദവും ടി.ടി.സി.യും നേടിയതിനൊപ്പം കെ-ടെറ്റും (K-TET) വിജയിച്ച ഉയർന്ന യോഗ്യതയുള്ളവളാണ്. എന്നാൽ ഇവർക്ക് ഒരു താൽക്കാലിക ജോലി പോലും ഇതുവരെ ലഭിച്ചിരുന്നില്ല. സർക്കാരിന്റെ ലൈഫ് പദ്ധതിയിലടക്കം പലതവണ വീടിനായി അപേക്ഷിച്ചെങ്കിലും ഇതുവരെയും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഒടുവിൽ കുരുന്നുകളുടെ സങ്കടം നേരിട്ട് ബോധ്യപ്പെട്ടതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു.