തിരുവനന്തപുരം: കേരളത്തെ ആധുനിക തുറമുഖ സംസ്ഥാനമാക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്. വിഴിഞ്ഞം മത്സ്യബന്ധന മേഖലയില്‍ 500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുമാസത്തിനകം കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
260 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ആധുനിക മത്സ്യബന്ധന തുറമുഖം, 90 കോടി രൂപ ചെലവിലുള്ള നിലവിലെ തുറമുഖത്തിന്റെ നവീകരണം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 125 കോടി രൂപയുടെ പുലിമുട്ട് നിര്‍മ്മാണം എന്നിവയാണ് പ്രധാന പദ്ധതികള്‍. കൂടാതെ, മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയായിരുന്ന 35 കോടി രൂപയുടെ മണ്ണെണ്ണ നഷ്ടപരിഹാര തുകയും വിതരണം ചെയ്തു. ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. വിന്‍സെന്റ് എം.എല്‍.എ, മേയര്‍ വി. വി. രാജേഷ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.
വിഴിഞ്ഞത്ത് 500 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം; മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തും: മുഖ്യമന്ത്രി വി. ഡി. സതീശൻ