മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക-സിനിമ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഉൾപ്പെടെ വൻ ജനവലി പങ്കെടുത്തു. ചടങ്ങിൽ മുഖ്യാതിഥികളായെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി, നടൻ കുഞ്ചാക്കോ ബോബൻ എന്നിവർ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു. സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും, എന്നാൽ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാവുക എന്നത് ഒട്ടും എളുപ്പമല്ലെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.
കൊച്ചിക്കാരോടും ഒപ്പം എല്ലാ മലയാളികളോടും ഒപ്പം മുഖ്യമന്ത്രിയുടെ ഈ വിജയത്തിൽ താനും സന്തോഷിക്കുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള നല്ലൊരു ഭരണമാകട്ടെ ഇതെന്നും അദ്ദേഹം ആശംസിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്ന് രമേശ് പിഷാരടി എം.എൽ.എ പറഞ്ഞു. ഈ വിജയം സമ്മാനിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ മറുപടി പ്രസംഗം വികസന കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതായിരുന്നു. ഈ പദവി ജീവിതത്തിലെ ധന്യമായ മുഹൂർത്തമാണെന്നും എന്നാൽ അധികാരത്തിന്റെ പത്രാസിൽ താൻ വീണുപോകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ഈ പദവി ഒരു ദൈവീകമായ നിയോഗമാണ്. മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. എന്നാൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒരു ടീമായി വേണം മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താൻ ധനകാര്യ വകുപ്പ് കൂടി ഏറ്റെടുത്തതെന്നും അതൊരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണമാണ് സർക്കാരിന്റെ ലക്ഷ്യം. ബഹുനില കെട്ടിടങ്ങൾ ഉയരുന്നത് മാത്രമല്ല വികസനം, മറിച്ച് ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുകയാണ് വേണ്ടത്. കേരളത്തിന്റെ മതേതരത്വം നിലനിർത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആരും വർഗീയത പറയരുതെന്നും അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. രാജ്യത്തിന് തന്നെ മാതൃകയായ നഗരമായി കൊച്ചിയെ മാറ്റുമെന്നും, സിനിമാ രംഗത്ത് ഈ സർക്കാർ തനതായ ഒരു കയ്യൊപ്പ് ചാർത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.