തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ കുട്ടിയെയും അമ്മയെയും മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് സംസാരിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ പൂർണമായും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, കുട്ടിയുടെ തുടർചികിത്സയ്ക്കും പഠനത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി റൂറൽ എസ്.പിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ചടയമംഗലത്ത് മർദ്ദനത്തിനിരയായ കുട്ടിയെയും അമ്മയെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി ; ചികിത്സയ്ക്കും പഠനത്തിനും പൂർണ പിന്തുണ