തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ശിശുദിന സമ്മാനമായി സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്./യു.എസ്.എസ്) പദ്ധതിയിലെ മുഴുവൻ കുടിശ്ശിക തുകയും സർക്കാർ അനുവദിച്ചു. കുടിശ്ശിക വിതരണത്തിനായി 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം.
2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക 2027 മാർച്ച് 31-നകം വിതരണം പൂർത്തിയാക്കും. അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് തുക സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭാവിയിൽ സ്കോളർഷിപ്പ് വിതരണത്തിൽ കാലതാമസമോ കുടിശ്ശികയോ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ ശിശുദിന സമ്മാനം; സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (LSS/USS) കുടിശ്ശിക വിതരണത്തിന് 20.52 കോടി അനുവദിച്ചു