കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി കോക്രോച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച ഒടുവിലത്തെ അന്ത്യശാസനത്തിന് ഇനി അഞ്ചു നാൾ കൂടി മാത്രം ബാക്കി. ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രി രാജിവെക്കണമെന്നായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം. അതേസമയം, വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മാറ്റി മറ്റേതെങ്കിലും വകുപ്പിലേക്ക് നിയമിക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഒരു കേന്ദ്ര മന്ത്രിക്കെതിരെ ഇത്രയും ശക്തമായ പ്രതിഷേധം ഉയരുന്നത് ഇതാദ്യമായാണ്.
ഡൽഹി ജന്ദർ മന്ദിറിൽ നടത്തിയ സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജം ഉൾക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുകൂട്ടായ്മകൾ സംഘടിപ്പിക്കാനും പ്രതിഷേധം വ്യാപിപ്പിക്കാനുമാണ് സിജെപി ലക്ഷ്യമിടുന്നത്. നീറ്റ് പുനഃപരീക്ഷാ ഭീതിയെത്തുടർന്ന് രാജ്യത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം അഞ്ചായി ഉയർന്ന സാഹചര്യത്തിൽ, ഈ ജീവനുകൾ പൊലിഞ്ഞതിന്റെ പൂർണ്ണ ഉത്തരവാദിത്വം ധർമേന്ദ്ര പ്രധാന് ആണെന്ന രീതിയിലാണ് സിജെപിയുടെ പ്രചാരണം. സിബിഎസ്ഇ പരീക്ഷാ ക്രമക്കേടിൽ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും മാറ്റി സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.
ഫ്രാൻസ് യാത്രയിലടക്കം ധർമേന്ദ്ര പ്രധാനെ ഒപ്പം ചേർത്തുപിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം വെടിയണമെന്നും സിജെപി ആവശ്യപ്പെടുന്നുണ്ട്. ചില കാബിനറ്റ് മന്ത്രിമാരെ പാർട്ടി ചുമതലകളിലേക്ക് കൊണ്ടുവരാനും, നിർണായക വകുപ്പുകളിൽ വലിയ അഴിച്ചുപണി നടത്താനുമാണ് കേന്ദ്ര പുനഃസംഘടനയിലൂടെ ബിജെപി ആസൂത്രണം ചെയ്യുന്നത്. ഇതിലൂടെ പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് മാറ്റിയാൽ പോലും, അത് പുനഃസംഘടനയുടെ ഭാഗമായി സ്വാഭാവികമായി സംഭവിച്ചതാണെന്ന് വരുത്തിതീർക്കാനാകും ബിജെപി ശ്രമിക്കുക. ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം എട്ട് ലക്ഷം ഒപ്പുകളാണ് സിജെപി ശേഖരിച്ചിട്ടുള്ളത്.