കർശനമായ ജാമ്യവ്യവസ്ഥകളിൽ ജയിൽ മോചിതരായ സിജെപി (CJP) നേതാക്കൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്ന് ഹാജരായില്ല. അശുതോഷ് റങ്കെ, സൗരവ് ദാസ് തുടങ്ങിയ നേതാക്കളാണ് ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് പൊലീസിനെ ഔദ്യോഗികമായി അറിയിച്ചത്. ഇതിനെത്തുടർന്ന് ഹാജരാകേണ്ട പുതുക്കിയ തീയതി പൊലീസ് ഉടൻ നൽകും. ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഏഴു ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് അശുതോഷ് റങ്കെയും സൗരവ് ദാസും കഴിഞ്ഞ രാത്രി പുറത്തിറങ്ങിയത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. നിരോധനാജ്ഞ നിലനിൽക്കുന്ന ജന്തർ മന്തിറിൽ ഇനി പ്രതിഷേധിക്കില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും വ്യക്തമാക്കിയ നേതാക്കൾ കോടതിയിൽ ക്ഷമാപണവും നടത്തിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇവർക്ക് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചത്. ജാമ്യം ലഭിച്ചെങ്കിലും തുടർ സമരങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും പാർട്ടി നിലവിൽ നടത്തിയിട്ടില്ല.
അതിനിടെ, ബംഗ്ലാദേശുമായി ബന്ധപ്പെട്ട തന്റെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി നേഹ ബോറ രംഗത്തെത്തി. ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി സംഘടനയായ 'സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ' നാഷണൽ കോൺഫറൻസിനായി തയ്യാറാക്കിയ വീഡിയോയിലെ പരാമർശങ്ങളാണ് വിവാദമായത്. ബംഗ്ലാദേശിലെ 'ജെൻസി' (Gen Z) പ്രക്ഷോഭത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ വഹിച്ച പങ്കാണ് തനിക്ക് പ്രചോദനമായതെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് നേഹ പറഞ്ഞു. കൂടാതെ, വീഡിയോയിൽ നിന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വെട്ടിമാറ്റി പ്രചരിപ്പിച്ചതാണ് പ്രസ്താവനയുടെ യഥാർത്ഥ പശ്ചാത്തലം മറച്ചുവെക്കാൻ ഇടയാക്കിയതെന്നും അവർ ആരോപിച്ചു.
സമാധാന ഉടമ്പടിക്കെതിരെ നേഹ ബോറ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ വാദം പൂർത്തിയായി. കേസിൽ നാളെ വിധി പ്രസ്താവിക്കും. തനിക്ക് ലഭിച്ച പൊലീസ് നോട്ടീസ് നിയമവിരുദ്ധമാണെന്നും ദേശീയ പതാക ഉയർത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും നേഹ കോടതിയിൽ വാദിച്ചു. എന്നാൽ, കൃത്യമായ നിയമനടപടികൾ പാലിച്ചാണ് നേഹയ്ക്ക് നോട്ടീസ് അയച്ചതെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ വ്യക്തമാക്കിയത്.
നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാതെ സൗരവ് ദാസും അശുതോഷും; ഹൈക്കോടതി വിധി നാളെ