ഡല്‍ഹി: സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബര്‍ ധ്രുവ് റാഠിയെയും പോലീസ് വിട്ടയച്ചു. കോടതിയിലും എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയാണ് സിജെപി നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂറോളം നീണ്ട കസ്റ്റഡിക്ക് ശേഷമാണ് ഇവര്‍ സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്. ഒരു വര്‍ഷത്തേക്ക് സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഗുരുഗ്രാമില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ധ്രുവ് റാഠിയെ ഇനി പ്രതിഷേധങ്ങളില്‍ പങ്കെടുത്താല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.
ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും 'കോക്‌റോച്ചുകള്‍ ഒരിക്കലും മരിക്കില്ലെ'ന്നും സിജെപി ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കുന്നതിനായി ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അശുതോഷ് രംഗ അറിയിച്ചു.
അതിനിടെ, ഡല്‍ഹി പോലീസ് പറയുന്നത് നുണയാണെന്ന് ആരോപിച്ചു അഭിജീത് ദീപ്‌കെയുടെ കുടുംബം രംഗത്തെത്തി. മകനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അമ്മ അനിത ദീപ്‌കെ പറഞ്ഞു. കുടുംബത്തില്‍ മുത്തശ്ശി മരണപ്പെട്ട വിവരം അറിഞ്ഞാല്‍ അഭിജീത് എന്തായാലും തിരികെയെത്തുമെന്നും, അവന്‍ വന്നതിനുശേഷം മാത്രമേ സംസ്‌കാര ചടങ്ങുകള്‍ നടത്തു എന്നും കുടുംബം വ്യക്തമാക്കി.
സിജെപി നേതാക്കളെയും ധ്രുവ് റാഠിയെയും വിട്ടയച്ചു; ഇനി പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് മുന്നറിയിപ്പ്