ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങൾക്കും സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ (SIR) വീഴ്ചകൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) രംഗത്ത്. വീണ്ടും തെരുവോര സമരങ്ങളിലേക്ക് ഇറങ്ങുമെന്ന വ്യക്തമായ സൂചന നൽകി സി.ജെ.പി നേതാവ് അഭിജിത് ദിപ്കെ രംഗത്തെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെയും നിലപാടുകളെയും എതിർക്കുന്നവരെല്ലാം ഒന്നിക്കണമെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷൻ ജനങ്ങളുടെ വോട്ടവകാശം കവരുകയാണെന്ന് സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിലില്ലായ്മ, ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ പോരാട്ടം തുടരുമെങ്കിലും, കൃത്യമായ വോട്ടവകാശം ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ ഇത്തരം ശ്രമങ്ങൾ ഫലപ്രദമാകില്ലെന്ന് സൗരവ് ദാസ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിൽ വലിയ ഭിന്നത നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സി.ജെ.പിയുടെ പ്രതിഷേധം.
കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14 തവണ നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് എതിർപ്പറിയിച്ചിരുന്നു. മറ്റു രണ്ട് കമ്മിഷണർമാരുടെ അറിയാതെയാണ് പല തീരുമാനങ്ങളും കൈക്കൊണ്ടതെന്ന് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് വി.ഡി. സതീശൻ, ഉദ്ധവ് താക്കറെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രതിപക്ഷ നേതാക്കളും സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടികളും രാജി ആവശ്യവും ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്
"ഗ്യാനേഷ് കുമാറിനെ എതിർക്കുന്നവർ ഒന്നിക്കണം"; വോട്ടർപട്ടിക ക്രമക്കേടിൽ പ്രക്ഷോഭത്തിന് സി.ജെ.പി