ചേരാനല്ലൂരില്‍ 17-കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും, പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കണ്ണടച്ച് ന്യായീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമയായ അഡീഷണല്‍ മജിസ്ട്രേറ്റിനെതിരെ കേസെടുത്തിട്ടുണ്ടെന്നും, അക്കാര്യം ഹൈക്കോടതി രജിസ്ട്രാറെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും എഫ്ഐആര്‍ ഇടുന്നതിലും വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും, പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
അതിനിടെ, വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പോലീസ് മര്‍ദ്ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആഭ്യന്തര മന്ത്രി സഭയെ അറിയിച്ചു. അത്തരത്തില്‍ മര്‍ദ്ദനം നടന്നിട്ടില്ലെങ്കിലും, മതിയായ നിയമനടപടിക്രമങ്ങള്‍ പാലിക്കാതെ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി വര്‍ക്കല സബ് ഇന്‍സ്പെക്ടറെ സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചേരാനല്ലൂര്‍ വാഹനാപകടം: എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും; ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല