കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികൻ മരിക്കാനിടയായ ബെൻസ് കാർ അപകടത്തിൽ നിർണായക ദൃശ്യങ്ങളും വിവരങ്ങളും പുറത്ത്. പ്രായപൂർത്തിയാകാത്ത 17-കാരൻ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് വാഹനം എടുത്തുകൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ 1:36-നാണ് കനത്ത മഴയത്ത് കുട്ടി ബെൻസ് കാറുമായി ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് പോയത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഞായറാഴ്ച വൈകിട്ടേ താൻ എഴുന്നേൽക്കൂ എന്ന് മകന് മെസ്സേജ് അയച്ചശേഷം ഉറങ്ങാൻ കിടന്നതാണെന്നും, കുട്ടി വാഹനം എടുത്തുകൊണ്ടുപോയ വിവരം അറിയില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജിയുടെ വിശദീകരണം. എന്നാൽ ഇത് അന്വേഷണ സംഘം പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം വാഹനം ഓടിക്കാനുള്ള ആഗ്രഹം കൊണ്ടുമാത്രമാണ് ബെൻസ് എടുത്തത്തിറങ്ങിയതെന്നും യൂട്യൂബ് നോക്കിയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്നുമാണ് 17-കാരൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴിയും അന്വേഷണ സംഘം തള്ളി.
ഇതിനുമുമ്പും വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൾ കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ടായിരുന്നുവെന്നും, എന്നാൽ അപകടത്തിന് പിന്നാലെ ഈ തെളിവുകളെല്ലാം ഡിലീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി. കാർ ഓടിക്കുന്നതിനിടയിലെ ദൃശ്യങ്ങൾ കുട്ടി സ്വന്തം ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളിൽ വാഹനം 104 കിലോമീറ്ററിലധികം വേഗത്തിലാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
2012 മോഡൽ കറുത്ത ബെൻസ് കാർ 2022-ലാണ് ജഡ്ജി വാങ്ങിയത്. കോടതി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനമാണിത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആർ.സി. ഉടമയായ ജഡ്ജിയെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപകടം നടന്നത് ഇങ്ങനെ:
ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ 2:15-നും 2:30-നും ഇടയിലായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണനാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും, സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തിരുന്നു.