അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം ; ദ്വീപ് ജനതയെ മാനിക്കണം : നിയമസഭാ പ്രമേയം
Jaihind TV News Report
Jaihind TV Web Desk
May 31, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്‍റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്നു പ്രമേയത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിച്ചത്.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്‍റെ അടിസ്ഥാന കർത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗിക തലത്തിൽനിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണെന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ഭരണകൂടത്തിനു വ്യക്തികളുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കാൻ അമിതാധികാരം നൽകുന്ന വ്യവസ്ഥ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ ധാരാളം ആളുകളെ അവർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽനിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള സാമ്പത്തിക അസമത്വങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടവരുത്തും.
ഇന്നു ലക്ഷദ്വീപിൽ കാണുന്നതിനു സമാനമായ രീതിയിൽ രാജ്യത്തിന്‍റെ നാനാത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള നീക്കങ്ങൾ ഇന്ത്യയിലെ മറ്റിടങ്ങളിലും ആസൂത്രിതമായി നടത്തുന്നുണ്ട്. അവയുടെ പരിണിത ഫലങ്ങൾ ദുരന്തമായിരുന്നു. ലക്ഷദ്വീപിന്‍റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു. കേരളം ആ ആശങ്ക പങ്കുവയ്ക്കുന്നു. കൊളോണിയൽ ഭരണാധികാരികളുടെ ചെയ്തികളെപോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കൽപ്പിക്കുന്ന സാംസ്കാരിക തനിമയ്ക്കുമേൽ ആക്രമണം നടക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10