DEPUTY TAHASILDAR| വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്‌ക്കെതിരെ ജാതി പറഞ്ഞ് അധിക്ഷേപം; ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read
•
Updated: May 26, 2026
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി യുവതി പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാള്‍ രഞ്ജിതയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത്.
രഞ്ജിതയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവച്ച ഇയാള്‍ അതേ പോസ്റ്റിന്റെ കമന്റിലും മോശം വാക്കുകള്‍ തുടര്‍ന്നു. ഇതോടെ പവിത്രനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഓണ്‍ലൈനിലൂടെയും ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചു. ഇതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ജാതി പരമായി അധിക്ഷേപം ഉന്നയിച്ച നിരവധി പരാതികള്‍ മുന്‍പും പവിത്രനെതിരെ ഉയര്‍ന്നിരുന്നു. ഫേസ്ബുക്കിലൂടെ ജാതീയമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ മുന്‍പും പങ്കിട്ടിരുന്ന ഇയാള്‍ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു.
പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അവധിയെടുത്ത് ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെയാണ് ലണ്ടനില്‍ ജോലി ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലണ്ടനിലാണ് രഞ്ജിത ജോലി ചെയ്തിരുന്നത്.
ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI171 വിമാനം, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:39-ന് പറന്നുയര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. വെറും 625 അടി മാത്രം ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. ബി.ജെ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ഇതോടെ 242 പേരുടെ യാത്ര ഒരു വന്‍ ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10