ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡിയുടെ (BYD) പ്രീമിയം ബ്രാൻഡായ 'ഡെൻസ' (Denza) നവംബർ 13-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിലെ ഡെൻസയുടെ ആദ്യ മോഡലായി ഡി9 എം.പി.വി (D9 MPV) വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റുകളിൽ ഈ ആഡംബര വാഹനം ലഭ്യമാണെങ്കിലും, തുടക്കമെന്ന നിലയിൽ ഇതിന്റെ പൂർണ്ണ ഇലക്ട്രിക് പതിപ്പ് മാത്രമായിരിക്കും ഇന്ത്യയിൽ എത്തുക. 7 പേർക്ക് സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന ഈ എം.പി.വിയിൽ 103.6 kWh ബാറ്ററി പാക്കാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റച്ചാർജിൽ 600 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഇതിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
369 bhp കരുത്ത് നൽകുന്ന ഡ്യുവൽ മോട്ടോർ സംവിധാനമുള്ള ഡി9 എം.പി.വിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കേവലം 6.9 സെക്കൻഡുകൾ മതിയാകും. വിപണിയിൽ എത്തുമ്പോൾ ഏകദേശം 85 ലക്ഷം രൂപ മുതൽ 90 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ഈ മോഡൽ, പ്രീമിയം ഇവി എം.പി.വി വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
ഒറ്റച്ചാർജിൽ 600 കി.മീ ഓടും; ബിവൈഡിയുടെ ആഡംബര ബ്രാൻഡ് 'ഡെൻസ' നവംബർ 13-ന് ഇന്ത്യയിലെത്തുന്നു