കുമ്പള: പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതിന്റെ വിഷമത്തില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. കുമ്പള കിദൂര്‍ കുണ്ടക്കേരടുക്കയിലെ ബി. ജയാനന്ദയുടെ മകള്‍ പ്രഫുല്ല (26) ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ പ്രഫുല്ലയെ കണ്ടെത്തിയത്.
തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മഴക്കാലത്തിന് ശേഷം വിവാഹം നടത്താനായിരുന്നു ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് മണി സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. പത്ത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം മണി മരണത്തിന് കീഴടങ്ങി. മണിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു മടങ്ങിയെത്തിയ പ്രഫുല്ല കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവ സമയം വീട്ടുകാര്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്താണ് പ്രഫുല്ല ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കുമ്പള പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'മണിയുടെ വിയോഗം താങ്ങാനാകുന്നില്ലെന്നും, തന്റെ മൃതദേഹം മണിയെ സംസ്‌കരിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കണം' എന്നും കുറിപ്പില്‍ പറയുന്നു.
കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രഫുല്ലയുടെ ഫോണും ആത്മഹത്യക്കുറിപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പ്രഫുല്ലയുടെ ആഗ്രഹപ്രകാരം മൃതദേഹം സംസ്‌കാരത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
പ്രതിശ്രുതവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; പിന്നാലെ വധു ജീവനൊടുക്കി